ആലുവ: ടിബി മുക്ത് പഞ്ചായത്ത് അവാര്‍ഡ് തുടര്‍ച്ചയായി രണ്ടാം തവണയും ഇത്തവണയും കീഴ്മാട് ഗ്രാമപഞ്ചായത്ത് നേടി. ഇടപ്പള്ളിയിലെ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ആരോഗ്യ മന്ത്രി കെ. മുരളീധരനില്‍ നിന്നും പഞ്ചായത്ത് അധികൃതര്‍ ഏറ്റുവാങ്ങി.
ആലുവ ടിബി യൂണിറ്റിലെ ടിബി എലിമിനേഷന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപിക പ്രേം, ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍ വി.എസ്. സൂരജ്, സീനിയര്‍ ലാബ് സൂപ്പര്‍വൈസര്‍ കെ.ആര്. നിഷ എന്നിവരുടെ നിര്‍ദേശാനുസരണമുള്ള പ്രവര്‍ത്തനങ്ങളാണ് കീഴ്മാടിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
കഴിഞ്ഞ വര്‍ഷം ആയിരത്തി മുന്നൂറ് കഫ പരിശോധനാ സാമ്പിളുകളാണ് കീഴ്മാടില്‍ ക്ഷയ പരിശോധനയ്ക്ക് വിധേയമാക്കിയത്. പഞ്ചായത്തിലെ മുഴുവന്‍ ക്ഷയരോഗികള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നല്കി. ക്ഷയരോഗമരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ രോഗ ശമന നിരക്ക് എണ്‍പത്തിയഞ്ച് ശതമാനത്തിന് മുകളിലായിരുന്നു.